Sunday, November 30, 2008

പുഴയില്‍

നാരായണനും ജാനകിയും തടിച്ച പ്രകൃതി ഉള്ളവരാണ്. അവരുടെ മകള്‍ ശാന്ത അവളും തടിച്ചിട്ടാണ്. ഏകദേശം എന്‍റെ പ്രായം ഉണ്ട് അവള്‍ക്ക്. വ്യ്കുന്നെരങ്ങളില്‍ വീട്ടിലുണ്ടാക്കിയ പലഹാരങ്ങള്‍ ഒരു കുട്ടയിലാക്കി അടുക്കി തലച്ചുമടായി കടയില്‍ എത്തിക്കുന്നത് ശാന്തയാണ്. ഒരിക്കല്‍ ഇടവഴിയില്‍ വച്ച് ശന്തയെന്നോടു ചോദിച്ചു

എടാ ചെക്കാ നിനക്കു നെയ്യപ്പം വേണോ ?


അവളുടെ കുട്ടയില്‍ നെയ്യപ്പം ഉണ്ടെന്നു എനിക്കറിയാം എങ്കിലും എന്നെ കളിപ്പിക്കാന്‍ ചോദിക്കുകയയിരിക്കും എന്ന് ഞാന്‍ വിചാരിച്ചു .


നേരായിട്ടും വേണേ തരാം . എന്‍റെ സംശയഭാവം കണ്ടിട്ട് അവള്‍ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.


പെട്ടെന്ന് അവള്‍ ഒരു നെയ്യപ്പം എടുത്തു എന്റെ നേരെ നീട്ടി.
ഈശ്വരാ !
എനിക്ക് മുള്ളാന്‍ മുട്ടുന്നത് പോലെ തോന്നി. എങ്കിലും ഞാന്‍ അത് വാങ്ങി വള്ളി നിക്കറിന്റെ പോക്കറ്റിലിട്ടു ഒരൊറ്റ ഓട്ടം വച്ചു കൊടുത്തു. എന്തിനാണ് ഓടുന്നത്, എങ്ങോട്ടാണ് ഓടുന്നത് , എന്നൊന്നും എനിക്ക് അറിയില്ല. അവസാനം ഓടിയോടി ഞാന്‍ പുഴയുടെ തീരത്തെത്തി. മൂവാറ്റുപുഴ പുഴയിലേക്ക് ചാഞ്ഞു നില്‍കുന്ന ഒരു പൂവരഷില്‍ കയറിയിരുന്നു. എന്റെ നെഞ്ചു പടപട എന്നിടിക്കുകയാണ്. ഞാന്‍ പതിയെ പോക്കറ്റില്‍ നിന്നു നെയ്യപ്പം പുറത്തെടുത്തു പുഴയെ നോക്കി ചോദിച്ചു.

ഇതാര് തന്നതാണെന്ന് പറയാമോ? പുഴ ചിരിച്ചു കാണിച്ചു. പുഴ ചിരിക്കുമ്പോള്‍ നല്ല രസമാണ് കാണാന്‍ ആയിരം പല്ലുകള്‍ സുര്യപ്രകാശത്തില്‍ തെളിയും.
പുഴ ചോദിച്ചു.
ആര് ?
ശാന്ത .
വീണ്ടും പുഴ ചിരിച്ചു. ഇത്തവണ എനിക്ക് നാണം വന്നു , ഈ ചിരിയില്‍ എന്തോ ഒരു നിഗൂടധ.
അവള്‍ എന്തിനാ നിനക്കിത് തന്നത് ? പുഴ ചോദിക്കുന്നതായി എനിക്ക് തോന്നി.
ആ , എനിക്കറിയില്ല .ചിരിച്ചു കൊണ്ടു പുഴ ഒഴുകി പോയി . പകുതി നെയ്യപ്പം തിന്നു, ബാക്കി ഞാന്‍ പോക്കറ്റിലിട്ടു.
ഞാന്‍ ശാന്തയെ കുറിച്ചു ആലോചിക്കുകയായിരുന്നു . അവള്‍ക്ക് എന്നോട് ഇഷ്ടമായിരിക്കും. പച്ച പാവാടയും പച്ച ബ്ലൌസുമിട്ട ശാന്ത. അവള്‍ക്ക് എന്നെക്കാളും പൊക്കമുണ്ട് . എന്‍നാലും ശാന്ത ഒരു മാലാഖയെ പോലെ സുന്ദരിയാണ്‌ . മാലാഖമാരെ ഞാന്‍ കണ്ടിട്ടില്ല, മാലാഖയുടെ പടം കണ്ടിട്ടുണ്ട്. പള്ളിക്കാരുടെ ആശൂത്രിയുടെ ചുവരില്‍ തൂങ്ങി നില്ക്കുന്ന മാലാഖ .മാലാഖമാര്‍ക്ക് ചിരകുകലുന്റ്റ് എന്റെ ചിന്ത ശാന്തയെ വിട്ടു ശാന്തരായ മലാഘമാരിലെക്കായി. ഈ മലാഘമാര്‍ക്കെന്താ പണി, ചിന്ത സംശയത്തില്‍ ചെന്നു ഇടിച്ചു നിന്നു. ആരോടാണ് ചോദിക്കുക ? ഇസ്മിളിനോട് ചോദിക്കാം
ഇസ്മില്‍ അഞ്ചാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത് , പള്ളിപ്പരംബിലെ മാവിലെ മാങ്ങാ എറിഞ്ഞു വീഴ്ത്തുന്നത് ഇസ്മിലാണ് .
ഞാന്‍ ചെല്ലുമ്പോള്‍ ഇസ്മില്‍ ഒരു അര സൈക്ലിനു എണ്ണ ഇട്ടുകൊണ്ടിരിക്കുകയായിരുന്നു. അവന്റെ വാപ്പ എവിടെയോ പോയിരിക്കുന്നു . ഇസ്മില്‍ ആ സൈക്കിള്‍ ഇടയ്ക്ക് തള്ളിക്കൊണ്ട് നടക്കാറുണ്ട്. എനിക്കും ഒരു ദിവസം അത് തള്ളിക്കൊണ്ട് നടക്കണം.
ചെന്നപാടെ ഞാന്‍ ചോദിച്ചു
എടാ ഇസ്മാലെ ഈ മാലാഖമാര്‍ക്ക്‌ എന്താ പണി ?
എന്ത്റ്റ് ?
മാലാഖമാര്‍ . ഞാന്‍ വീണ്ടും പറഞ്ഞു.
അതാര് ?
മ്മടെ പള്ളിക്കാരുടെ ആശൂത്രീലെ പടം കണ്ടിട്ടുണ്ടോ നീയ് , ചിരകൊക്കെ ഉണ്ടായിട്ടു, വെളുത്തിട്ട് ...
ഇസ്മൈലിനു കാര്യം പിടികിട്ടി
ഓ ഇബലീസ് , മ്മടെ നസ്രാണികളുടെ ഇബലീസ് ! ഇപ്രാവശ്യം അന്തം വിട്ടത് ഞാനാണ് . എങ്കിലും നസ്രാനികളുടെതായതുകൊണ്ട് എങ്ങനെയും പെരുണ്ടാകാംഎന്നു എനിക്ക് തോന്നി .
അനക്കിതോന്നും അറിയില്ലേ ? പൊട്ടന്‍ . അവനെന്നെ പോട്ടനെന്ന് വിളിച്ചത് എനിക്കിഷ്ടപെട്ടില്ല , അവനെ കുറുക്കന്‍ എന്ന് വിളിക്കാന്‍ എന്റെ മനസ്സു പറഞ്ഞു . എങ്കിലും തല്‍കാലം മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നെനിക്കു തോന്നി. എല്ലാരും അവനെ കുറുക്കന്‍ എന്നാണ് വിളിക്കുന്നത് . ഞാന്‍ കുറുക്കനെ കണ്ടിട്ടില്ല, കുറുക്കന്‍ ഇസ്മിലിനെ പോലെയായിരിക്കും.
നസ്രാണി സ്വര്‍ഗത്തിലെ ശിപായിമാരാന് മാലാഖമാര്‍ . ഇസ്മില്‍ പറഞ്ഞു .
നസ്രാണി സ്വര്‍ഗമോ ?
അതെ , നീയ് അത്കണ്ടോv ? ഇസ്മില്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി , മേഘങ്ങല്ക്കിടയില്‍ അവിടെ വലതു ഭാഗത്ത് നസ്രാണി സ്വര്‍ഗം ഇടതു ഭാഗത്ത് ഹിന്ദു സ്വര്‍ഗം.
ഹിന്ദു സ്വര്‍ഗത്തില്‍ ശിപായിമാരില്ലേ ?
ഗന്ധര്‍വന്മാര്‍ . ഗന്ധര്വന്മാരന് ഹിന്ദു സ്വര്‍ഗത്തിലെ ശിപായിമാര്‍ . ഇസ്മില്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
അപ്പൊ , നിങ്ങള്‍ മേത്തന്മാര്‍ക്ക് സ്വര്‍ഗമില്ലേ ? ഇസ്മില്‍ ഒന്നു പുളഞ്ഞു .
മ്മക്ക് തെറ്റി , ശരിയാ നടുക്ക് മേത്തസ്വര്‍ഗം .
നടുക്കോ ?
ആന്നു , വലതു നസ്രാണി, ഇടതു ഹിന്ദു നടുക്ക് മ്മടെ അല്ലാഹു .
എനിക്ക് വിശ്വാസം വന്നില്ല . നെനക്കെങ്ങനെ അറിയാം ഇതൊക്കെ ?
അന്റെ വാപ്പ പറഞ്ഞതാ .
അന്കി , അല്ലായ്ക് ശിപായിയില്ലേ ?
ഇസ്മില്‍ അല്‍പ നേരം ആലോചിച്ചു . ഇല്ല
അതെന്താ ?
അതങ്ങനെയാ ! നീ പോ , വാപ്പ വരും ഇപ്പൊ , അന്നേ ഇവിടെ കണ്ടാല്‍ വാപ്പ മ്മളെ ബയക്ക് പറയും.
എന്നെ പറഞ്ഞുവിടാനുള്ള സൂത്രമാന്നതെന്ന് എനിക്ക് മനസിലായി .
പിറ്റേ ദിവസം രാവിലെ അമ്മ എന്നെ എണ്ണ വാങ്ങനയച്ചു. എട്ടണ തുട്ടും എന്നക്കുപ്പിയുമായി ഞാന്‍ പുറപ്പെട്ടു.
ഇടവഴിയില്‍ ശാന്ത .
ഹൊ , ദൈവമേ . എനിക്ക് എന്തോ പോലെ .
അടുത്ത് വന്ന ഉടനെ ശാന്ത ചോദിച്ചു .
ചെരുക്കനെന്തു പണിയാ കാണിച്ചേ ? നെയ്യപ്പം മേടിച്ചിട്ട് കാശ് തരാതെ ഓടി പോയതെന്താ ?
കാശോ ? ടമാര്‍ ! പടാര്‍ ! എവിടെയോ എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നു . വേറെ എവിടുന്നുമല്ല എന്റെ കണ്ണില്‍ നിന്നു തന്നെ. അത് ലാവ പോലെ പ്രവഹിക്കുകയാണ്, ഞാന്‍ ഒരുകുകയാണ് ! ഒന്നും കാണാന്‍ വയ്യ !.
എല്ലാം അടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും കണ്ണ് തുറന്നു . ശാന്തയില്ല , എട്ടണ ഇല്ല . ഭൂമി ഇപ്പോള്‍ ശരിയായി കറങ്ങുന്നുണ്ട് . ഞാന്‍ അവിടെ ഇരുന്നു മണ്ണില്‍ പരതീ , ഇല്ല അതവിടെ ഇല്ല .
ശാന്ത എന്നെ കൊള്ളയടിചിരിക്കുന്നു , പത്തു പൈസയുടെ നെയ്യപ്പത്തിന്‌ പകരമായി അവളെന്റെ എട്ടണ കവര്‍നിരിക്കുന്നു. അത് മാത്രമോ , ഒരു വള്ളിനിക്കര്‍ മാത്രം സ്വന്തമായുള്ള എന്റെ മാനം ഒരു വള്ളി പോലും മിച്ചമില്ലാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കുന്നു.
ആരോ ചിരിക്കുന്നു , ഞാന്‍ മേലേക്ക് നോക്കി .
ദൈവമേ ..ഹൊ !
ഞാന്‍ ശരിക്കും കണ്ടു , മാലാഖമാര്‍, നസ്രാണി ദൈവം, ഗന്ധര്‍വന്മാര്‍ , ഹിന്ദു ദൈവം , അള്ളാഹു എല്ലാവരും ചിരിക്കുന്നു. ഞാന്‍ തല താഴ്ത്തി , പിന്നീടൊന്നുകൂടി മേലേക്ക് നോക്കാനുള്ള ദൈര്യം എനിക്കുണ്ടായില്ല.
ലോകത്തേക്ക് ഓടി . ഇപ്രാവശ്യം എനിക്കറിയാം എങ്ങോട്ടാണ് ഓടുന്നതെന്ന് . പുഴയിലേക്ക് ....
ഞാന്‍ താഴുകയാണ്‌, ഞാന്‍ മര്രിക്കാന്‍ പോകുന്നു , ശാന്തേ ഞാന്‍ പോകുന്നു ..അമ്മേ ഞാന്‍ പോകുന്നു .
അമ്മയെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും കരച്ചില്‍ വന്നു. ച്ചുമാതിരിക്കുമ്പോള്‍ പോലും കരയുന്ന അമ്മ , ഇല്ല ഞാന്‍ മരിക്കുന്നില്ല . പക്ഷെ ഞാന്‍ പാതി വഴിയെത്തിയിരിക്കുന്നുഞാന്‍ പുഴയോട് പറഞ്ഞു എന്നെ കൊല്ലരുത് .
പുഴ പറഞ്ഞു . ഇല്ല , ശ്വാസം വിടരുത് , കൈയും കാലും ആഞ്ഞു തുഴയൂ , ഞാന്‍ ആഞ്ഞു തുഴഞ്ഞു മുകളിലേക്ക് . ഇതിനിടയില്‍ ഇത്രയും നാള്‍ എന്നോട് സഹകരിച്ചിരുന്ന എന്റെ പ്രിയ വള്ളിനിക്കര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
കുടിച്ച വെള്ളം കക്കിക്കൊണ്ട് ഒരു നീര്‍ നായയെ പോലെ ഞാന്‍ തടിക്കെട്ടില്‍ ഇരുന്നു എന്റെ കാലില്‍ തലോടിക്കൊണ്ട് പുഴയും.
പുഴ പറഞ്ഞു . ഇന്നു മുതല്‍ നീ ഒരു പുതിയ മനുഷ്യനാണ് .
ഇതാ അമ്മേ ഒരു പുതിയ മനുഷ്യന്‍ , എന്ന മട്ടില്‍ ഞാന്‍ വീടിന്റെ മുറ്റത്തെത്തി .
അയ്യോ , ദൈവേ , ദേ ഇങ്ങോട്ട് വായോ ...
അമ്മയുടെ നെഞ്ച് പൊട്ടുകയാണ്‌ . എല്ലാവരും ഓടിയെത്തി , ഒന്നും ശരിക്ക് കാണാന്‍ വയ്യ , മായ പോലെ . ഈ ലൌകീക ജീവിതം ഒരു മായയാണെന്ന് ചെറിയ ചെറിയ ഉദാഹരണങ്ങള്‍ കാട്ടി കാലം എന്നെ പഠിപ്പിക്കുകയാണ്.
ചെറുക്കനെ ചാഴി ചുറ്റിച്തായിരിക്കും ,അമ്മൂമ്മ പറഞ്ഞു.
ചാഴിയോ ? ഷാജിയെ എല്ലാവരും ചാഴിയെന്നാണ് വിളിക്കുന്നത് ,അവനെയാണോ അമ്മൂമ്മ ഉദ്ദേശിച്ചത്? ആ !
ഒരു പുതിയ നിക്കറും കുറെ കെട്ടുകള്‍ ഉള്ള ചരടും കേട്ടിക്കൊണ്ടാണ് പുതിയ മനുഷ്യനായ എന്റെ ജീവിതം വീണ്ടും ഉരുളാന്‍ തുടങ്ങുന്നത് . കഴിഞ്ഞതെല്ലാം ഒരു കഥ, മായ , ജീവിതം ഒരു മായ ആണെന്ന് അപ്പൂപ്പന്‍ എപ്പോഴും പറയുമായിരുന്നു . പരമമായ സത്യം അത് തേടിയുള്ള മനുഷ്യന്റെ യാത്ര അതാണ് ജീവിതം .
ശരിയായിരിക്കാം പക്ഷെ മായയായ ഈ ജീവിതത്തില്‍ ഉരുത്തിരിയുന്ന ദുഃഖങ്ങള്‍ മായയല്ല . അത് സത്യമാണ്.
ദുഃഖം ! പരമമായ ഒരു സത്യം !
(തുടരും )